ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡല്‍ ക്ലാസിക് 350ന്റെ 2021 പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പൂര്‍ണമായും നിര്‍മാണം പൂര്‍ത്തിയായ പുത്തന്‍ ക്ലാസിക്ക് 350ന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് നിറങ്ങളിലുള്ള ക്ലാസിക്കുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ച നിറത്തിലുള്ള മോട്ടോര്‍സൈക്കിളിന്റെ ടാങ്കില്‍ സ്വര്‍ണ്ണ നിറത്തിലുള്ള ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് കാപ്പും ബ്രൗണ്‍ സീറ്റും ആകര്‍ഷകമായ കോമ്പിനേഷനാണ്. നാവിഗേഷന്‍ ഇല്ലാത്ത ഒരു വകഭേദവും മോഡലിനുണ്ടായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഉള്‍പ്പെടുത്തിയതും പ്രത്യേകതയാണ്.
മീറ്റിയോര്‍ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡബിള്‍ ക്രാഡിള്‍ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തന്‍ ക്ലാസിക്കിനെ ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, സ്‌റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
2020ന്റെ തുടക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്!കരിച്ച എന്‍ജിനൊപ്പം അലോയ് വീലുകള്‍, ട്യൂബ്ലെസ്സ് ടയറുകള്‍, പുതിയ നിറങ്ങള്‍ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് എത്താന്‍ ഒരുങ്ങുന്നത്. 1.80 ലക്ഷം രൂപയ്ക്ക് അടുത്താണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.