വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2023 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സെപ്റ്റംബര്‍ 1ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ജനപ്രിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 എന്നിവ ഉപയോഗിക്കുന്ന ജെ സീരീസ് എഞ്ചിന്‍ തന്നെയായിരിക്കും 2023 ബുള്ളറ്റ് 350ക്കും കരുത്ത് പകരുക. 349cc എഞ്ചിന്‍ 20.2bhp പവറും 27Nm ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിന്‍, 5-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് യോജിപ്പിച്ചിരിക്കുന്നത്.
ഇരട്ട ഡൗണ്‍ ട്യൂബ് സ്‌പൈന്‍ ഫ്രെയിം, സിങ്കിള്‍-ചാനല്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, വീതിയേറിയ ഫ്രണ്ട്, റിയര്‍ ടയറുകള്‍, പുതിയ എക്സ്ഹോസ്റ്റ് എന്നിവ വാഹനത്തിന് മികച്ച ലുക്ക് നല്‍കുന്നു. എന്നാല്‍ ബുള്ളറ്റ് 350ക്ക് സ്പോക്ക് വീലുകളിലാണ് ലഭിക്കുക, അലോയ് വീലുകള്‍ നഷ്ടമാകും.
പുതിയ ഹെഡ്ലാമ്പും ടെയില്‍ലാമ്പുമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350ന് ലഭിക്കുന്ന പുതിയ ഫീച്ചറുകള്‍. താരതമ്യേന മെച്ചപ്പെട്ട സ്വിച്ച് ഗിയറും യുഎസ്ബി പോര്‍ട്ടും ഉള്ള ഒരു പുതിയ ഹാന്‍ഡില്‍ബാറും വാഹനത്തിന് ലഭിക്കും. എല്‍സിഡി സ്‌ക്രീനുള്ള ഒരു പുതിയ ഡിജി-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
നിലവിലെ ബുള്ളറ്റ് 350 സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണുള്ളത്. പുതിയ ബുള്ളറ്റ് 350 ന് മൂന്ന് വേരിയന്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ട ഹൈനസ് സിബി350, ജാവ ഫോര്‍ട്ടി ടു എന്നിവയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യുടെ എതിരാളികള്‍. 1.70 ലക്ഷം രൂപയായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350യുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയെന്നാണ് പ്രതീക്ഷ.