പി.എസ്.സി; 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇന്നവസാനിക്കുന്നത്. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്‌തെങ്കിലും ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യൂണല്‍ വിധി ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

അന്തിമവിധി സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടുവിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം താത്കാലികമായി നിര്‍ത്തി. വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ആഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്തംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്.

Top