ഭോപ്പാൽ: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിക്കുന്ന വാർത്തകൾ നിരന്തരം പുറത്തുവരാറുണ്ട്. പലപ്പോഴും തെളിവുകളൊന്നും ഇല്ലാതെ അവർ രക്ഷപ്പെടുന്നതാണ് പതിവ്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ നടത്തിയ ഒരു തട്ടിപ്പ് കയ്യോടെ പിടികൂടിയതിന്റെ വാർത്തകളാണ് ഇപ്പോൾ ഭോപ്പാലിൽ നിന്ന് പുറത്തുവരുന്നത്. 50 ലിറ്റർ മാത്രം നിറയ്ക്കാൻ ശേഷിയുള്ള ടാങ്കിൽ 57 ലിറ്റർ ഇന്ധനം നിറച്ചതായി മീറ്റർ കണക്ക് വന്നതോടെ ജഡ്ജി നേരിട്ട് ഇടപെട്ട് പെട്രോൾ പമ്പ് പൂട്ടിച്ചതായാണ് റിപ്പോർട്ട്.
മധ്യപ്രദേശിലെ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ പെട്രോൾ അടിച്ചപ്പോഴായിരുന്നു തട്ടിപ്പ് നടന്നത്. പമ്പിലെത്തിയ അദ്ദേഹം ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. പിൻസീറ്റിലിരുന്ന് മീറ്റർ നോക്കിക്കൊണ്ടിരുന്ന ജഡ്ജിയെ ഞെട്ടിച്ചുകൊണ്ട് 57 ലിറ്റർ ഇന്ധനം കാറിൽ നിറച്ചതായി കണക്ക് വന്നു. 50 ലിറ്റർ മാത്രം നിറയ്ക്കാൻ ശേഷിയുള്ള ടാങ്കിൽ ഏഴ് ലിറ്റർ അധികമായി നിറച്ചത് ചോദ്യം ചെയ്ത ജഡ്ജി, അവിടത്തെ തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തി. തദ്ദേശ സ്ഥാപന അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പമ്പ് അടച്ചുപൂട്ടുകയായിരുന്നു.
ജില്ലാ കൺട്രോളറുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച 14 അംഗ പാനലിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ പമ്പ് ഇനി തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു. പെട്രോൾ അടിക്കുന്ന മെഷീനിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പാനൽ പരിശോധിക്കും. പ്രദേശത്തെ മറ്റ് പെട്രോൾ പമ്പുകളിലും ഈ പാനൽ പരിശോധന നടത്തുമെന്ന് ജില്ലാ കൺട്രോളർ അറിയിച്ചിട്ടുണ്ട്. ഭാവിയിലും ഈ പെട്രോൾ പമ്പുകൾ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമാനമായ സംഭവത്തിൽ ഗുജറാത്തിൽ മന്ത്രി ഇടപെട്ട് പെട്രോൾ പമ്പ് പൂട്ടിച്ച വാർത്ത കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു.