62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നിഖില വിമല്‍ മുഖ്യാതിഥിയാകും. നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെയാണ് കലാമേളയുടെ അരങ്ങ് ഉണരും.

മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാഗമാകുക. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.

നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിന്റെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയാവും.

Top