65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തൃശ്ശൂരില്‍ ഇന്ന് തിരിതെളിയും

തൃശൂര്‍: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തൃശ്ശൂരില്‍ ഇന്ന് തിരിതെളിയും. തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് മന്ത്രി ആര്‍ ബിന്ദു മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയില്‍ ആയിരത്തോളം സ്‌പോര്‍ട്‌സ് താരങ്ങള്‍ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

തെക്കേഗോപുര നടയില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം 15 സ്‌കൂളുകളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിനു ശേഷം കുന്നംകുളം നഗരം ചുറ്റി കായികോത്സവ വേദിയില്‍ എത്തിച്ചേരും. ഇന്ന് ടീമുകളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി നാളെ മത്സരങ്ങള്‍ക്ക് തുടക്കമാകും.ആറ് കാറ്റഗറികളിലായി 3000ത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വേദിയാകുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം ഇന്ന് രാവിലെ 8.30ന് തേക്കിന്‍ കാട് മൈതാനിയിലെ തെക്കേഗോപുരനടയില്‍ നിന്നും ആരംഭിക്കും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു, മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ടി എന്‍ പ്രതാപന്‍ എം പി, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

 

 

Top