അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു വിതരണം ചെയ്തു. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ആയിരുന്നു ചടങ്ങുകള്‍ നടന്നത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം വിതരണം ചെയ്തത്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്ജുന് ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ‘ഹോം’ സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ‘ഹോ’മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്കാരം ഏറ്റുവാങ്ങി. ‘നായാട്ടി’ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സമ്മാനിച്ചു.
‘ചവിട്ട്’ എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ.പി എന്നിവര്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കരാം സമ്മാനിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ‘മേപ്പടിയാന്’ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആര്.ആര് ആദര്‍ശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് ഏറ്റുവാങ്ങി.