ഐഎഫ്എഫ്കെ വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അക്കാദമിക്ക് പ്രത്യേക താത്പര്യങ്ങളില്ല, അക്കാദമിക് മുന്‍പില്‍ എത്തുന്ന സിനിമകള്‍ ജൂറിക്ക് മുന്‍പില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനം അന്തിമമാണെന്നും പ്രേംകുമാര്‍ പറഞ്ഞു.
നിരവധി സിനിമകള്‍ പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാല്‍ അതില്‍ കുറച്ച് ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ കഴിയു. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണെന്നും പ്രേംകുമാര്‍ പരാമര്‍ശിച്ചു. വിവാദങ്ങള്‍ക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 സിനിമകളാണ് പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ നിന്ന് 14 സിനിമകളിലേക്ക് ചുരുക്കുമ്പോള്‍ എല്ലാ സിനിമക്കും വേണ്ട പരിഗണന ലഭ്യമാകണമെന്നില്ല. ഇതില്‍ മികച്ച സിനിമകള്‍ ഒരുപാടുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐഎഫ്എഫ്കെയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് പ്രേംകുമാര്‍ ആവശ്യപ്പെട്ടു. സിനിമ പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനൗചിത്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി ചുമത്തുമ്പോള്‍ അധിക ബാധ്യതയായി മാറുകയാണെന്നും പ്രേംകുമാര്‍ പരാമര്‍ശിച്ചു.