ആരുടേയും വായ അടച്ചുകെട്ടാൻ തനിക്ക് പറ്റില്ല, പറയുന്നവർ പറയട്ടെ’; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തിയെന്ന് നടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആക്രമണത്തിനിരയായ നടി. കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തന്നോടൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും നടി പറഞ്ഞു.

അതില്‍ ഒരുപാട് നന്ദിയുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുന്നു. സര്‍ക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല. മറ്റു പല രീതിയില്‍ അങ്ങനെ വന്നതാണ്. അത്തരത്തില്‍ വ്യാഖ്യാനം വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സര്‍ക്കാരിനെതിരായിട്ട് ഒന്നും പറഞ്ഞിട്ടില്ല.

ഇപ്പോള്‍ ഈ കേസില്‍ ഉണ്ടായിട്ടുള്ള കുറച്ച് ആശങ്കകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ പോസിറ്റീവ് ആയ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി വളരെ നല്ല ഉറപ്പാണ് നല്‍കിയിട്ടുള്ളത്. അതില്‍ വിശ്വാസമുണ്ട്.

നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ സന്തോഷമുണ്ട്. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഹര്‍ജി നല്‍കിയതിന് പിന്നില്‍ യുഡിഎഫ് ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍, അത്തരം ആക്ഷേപം ശരിയല്ലെന്ന് നടി പറഞ്ഞു.

അങ്ങനെയൊന്നുമില്ല, അതൊക്കെ വെറുതെ വരുന്ന വ്യാഖ്യാനങ്ങളാണ്. ഒരിക്കലുമില്ല. മന്ത്രിമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഒന്നും പറയാനില്ല. എല്ലാവരും പറയുന്നതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ആരുടേയും വായ അടച്ചുകെട്ടാന്‍ തനിക്ക് പറ്റില്ല. അവര്‍ക്ക് അറിയില്ല എന്താണ് ഈ ജേര്‍ണി എന്നത്. പറയുന്നവര്‍ പറയട്ടെ. അത്രയേ എനിക്ക് പറയാനുള്ളൂവെന്ന് നടി പറഞ്ഞു.

പോരാട്ടവുമായി മുന്നോട്ടുപോകും. പോരാടാന്‍ താല്‍പ്പര്യമില്ലാതിരുന്നെങ്കില്‍ മുമ്പേ തന്നെ താന്‍ ഇട്ടിട്ടുപോയേനെ. ഇതിന്റെ സത്യാവസ്ഥ പുരത്തു വരണം. തനിക്ക് നീതി കിട്ടണം എന്നു തന്നെയാണെന്നും അതിജീവിത വ്യക്തമാക്കി. രാവിലെ സെക്രട്ടേറിയറ്റിലെത്തിയാണ് നടി മുഖ്യമന്ത്രിയെ കണ്ടത്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടിക്കൊപ്പമുണ്ടായിരുന്നു.

Top