ഗ്യാന്‍വാപി പള്ളിയിലെ പൂജ;പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാന്‍ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധിപറയാന്‍ മാറ്റുകയായിരുന്നു. സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. രാവിലെ പത്തുമണിക്കാണ് വിധി.

ഗ്യാന്‍വാപിയിലെ നിലവറയില്‍ ശൃംഗാര്‍ ഗൗരിയെയും മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര കുമാര്‍ പതക് വ്യാസ് നല്‍കിയ ഹര്‍ജിയായിരുന്നു ജില്ലാ കോടതി ജഡ്ജി അനുവദിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെ വാരാണസി ജില്ലാ മജിസ്ട്രേറ്റ് എംഎസ് രാജലിംഗവും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മസ്ജിദ് സമുച്ചയത്തില്‍ പ്രവേശിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചിരുന്നു. അന്നുതന്നെ പൂജയും ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ജില്ലാ മജിസ്‌ട്രേറ്റിനെ ഗ്യാന്‍വാപി പള്ളിയില്‍ റിസീവറായി നിയമിച്ചതിന് പിന്നാലെ പള്ളി സമുച്ചയത്തിന്റെ തെക്കന്‍ നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.

ജനുവരി 31ലെ കീഴ്ക്കോടതി വിധിയെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവര്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 1993 വരെ ഗ്യാന്‍വാപി പള്ളിയിലെ ഒരുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു എന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ രേഖകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.ജനുവരി 31നാണ് വാരാണസി കോടതി മുസ്ലിം ആരാധനാലയത്തില്‍ ഹിന്ദുക്കള്‍ക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരത്തിന്റെ ഭാഗമായ വ്യാസ് തെഹ്ഖാന (തെക്കന്‍ ഭൂഗര്‍ഭ അറ) തങ്ങളുടെ അധീനതയിലായിരുന്നുവെന്നും മറ്റാര്‍ക്കും അവിടെ ആരാധന നടത്താന്‍ അവകാശമില്ലെന്നുമാണ് കമ്മിറ്റിയുടെ നിലപാട്. യുക്തിസഹമായ കാരണങ്ങള്‍ ഇല്ലാതെ പൂജ നടത്തുന്നതുപോലെയുള്ള തീരുമാനങ്ങളിലേക്ക് കടക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വാദിച്ചു. ഒരിക്കല്‍ പോലും വ്യാസ് തെഹ്ഖാന ഹിന്ദുക്കളുടെ നിയന്ത്രണത്തില്‍ ഉണ്ടായിട്ടില്ല എന്നും കമ്മിറ്റി കോടതിയില്‍ പറഞ്ഞു.

Top