സൈബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചത് , ഗൂഢാലോചന നടത്തിയത് അഭിഭാഷകര്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഒരുകൂട്ടം അഭിഭാഷകര്‍ തമ്മിലുണ്ടായ വ്യക്തിവിരോധമാണ്, ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സൈബി ജോസ് കിടങ്ങൂരിനെതിരായ ആരോപണമെന്ന്, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മാധ്യമ സിന്‍ണ്ടിക്കേറ്റാണ് ഇതു സംബന്ധമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അനുകൂലവിധി കിട്ടാന്‍ ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് അറിയിച്ച് കോടതിക്ക് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ഗുരുതര കണ്ടെത്തല്‍ എന്നാണ് മാധ്യമ സീന്‍ണ്ടിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ചുവടെ

ജഡ്ജിമാര്‍ക്ക് വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളില്‍ നിന്ന് സൈബി പണം വാങ്ങിയെന്നത് വെറും കേട്ടുകേള്‍വിയായാണ് സാക്ഷികള്‍ അവതരിപ്പിച്ചിരിക്കുന്നത്. എതിര്‍കക്ഷികളായി രംഗത്തെത്തിയ അഭിഭാഷകര്‍ക്കും തെളിവുകള്‍ ഹാജരാക്കാനോ, അതനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാനോ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴികളും പരസ്പരവിരുദ്ധവമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയൊന്നുമില്ലെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ 192 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തി, മൊബൈല്‍ ഫോണുകളും വാട്‌സാപ്പ് രേഖകളും അടക്കം പരിശോധിച്ചുമാണ് ക്രൈംബ്രാഞ്ച് നിഗമനം ഉറപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് സിയാദ് റഹ്മാന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് എന്നിവരുടെ കോടതികളില്‍ പരിഗണനയിലിരുന്ന വിവിധ കേസുകളിലെ കക്ഷികളില്‍ നിന്ന് ഈ ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ സൈബി ജോസ് പണം വാങ്ങിയെന്ന് ആയിരുന്നു ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്ന് വിഷയം വന്‍ വിവാദമായി വളരാന്‍ തുടങ്ങിയ ഘട്ടത്തിലാണ് ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്ന് പോലീസ് അന്വേഷണം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. നേരത്തെ ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സഹിതം ഡിജിപിക്ക് കത്ത് നല്‍കിയതോടെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആദ്യ അന്വേഷണം തുടങ്ങി. തുടര്‍ന്ന് ഇതിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം. ഇത്രയും നടപടികള്‍ക്ക് ശേഷമാണ് ഇപ്പോള്‍ എല്ലാത്തിനും അവസാനമാകുന്നത്.

പണം നല്‍കി സൈബി ജോസ് ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന് ആരോപണം ഉയര്‍ന്ന കേസുകള്‍ ഓരോന്നും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. കൊച്ചിയിലെ സിനിമാ നിര്‍മാതാവ് പ്രതിയായ പീഡനക്കേസ്, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം റാന്നി പോലീസെടുത്ത കേസ്, കൊച്ചി ചേരാനല്ലൂരിലെ ദമ്പതികള്‍ തമ്മിലുള്ള കേസ് എന്നിവയിലെ കക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ രേഖപ്പെടുത്തി. കക്ഷികള്‍ക്ക് ആര്‍ക്കും കോഴക്കാര്യം നേരിട്ടറിയില്ല. അവിഹിതമായി എന്തെങ്കിലും നടന്നതായി അന്വേഷണ ഉദ്യോഗസ്ഥരും മൊഴി നല്‍കിയില്ല. അനുകൂലവിധിക്കായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന് 30 ലക്ഷം നല്‍കിയെന്ന് ആരോപണമുയര്‍ന്ന ഒരു കേസ് പക്ഷെ തീര്‍പ്പാക്കിയത് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ ആയിരുന്നു. വന്‍തുക ചിലവഴിച്ചാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയതെന്ന്, തന്റെ ചായക്കടയിലെത്തിയ രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടുവെന്നാണ് ഒരു സാക്ഷിയുടെ മൊഴി.

അഭിഭാഷകരായ ജെഎസ് അജിത്കുമാര്‍, വിഎസ് ടോഷിന്‍, ജോണ്‍ വര്‍ഗീസ് എന്നിവരാണ് കേസിലെ പ്രധാന സാക്ഷികള്‍. ഇവര്‍ക്കാര്‍ക്കും തെളിവൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവ് ശേഖരിക്കാന്‍ കഴിയുന്ന മറ്റെന്തെങ്കിലും സാധ്യതയും ഇവര്‍ക്ക് നിര്‍ദേശിക്കാനായില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേട്ടുകേള്‍വിയുടെ സ്വഭാവത്തിലുള്ള മൊഴികളാണ് ഇവര്‍ ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറും പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും നടത്തിയ അന്വേഷണത്തില്‍ നല്‍കിയിട്ടുള്ളത്. മൊഴികളില്‍ വൈരുധ്യങ്ങളും ഉണ്ട്. മാത്രവുമല്ല, കോഴയാരോപണത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ആദ്യമായി വിഷയം പൊതുജനമധ്യത്തില്‍ എത്തിച്ച അഡ്വ ജെ എസ് അജിത്കുമാര്‍ സൈബിയുടെ അയല്‍വാസിയാണെന്നും ഇവര്‍ തമ്മില്‍ മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറ്റൊരു സാക്ഷി അഡ്വ. ജോണ്‍ വര്‍ഗീസ് ആണ് ആരോപണം ആദ്യം ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

കൊച്ചിയിലെ സിനിമാ നിര്‍മാതാവ് പ്രതിയായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുക്കാന്‍ ഏറ്റത് അഡ്വ സൈബി ആയിരുന്നു. ഇക്കാലത്ത് സൈബിക്കൊപ്പം ഉണ്ടായിരുന്ന അഡ്വ ടോഷിന്‍ പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം ഒരു ബാര്‍ ഹോട്ടലില്‍ വച്ച് നിര്‍മാതാവിനെ കണ്ടുമുട്ടുന്നു. ജാമ്യത്തിനായി സൈബിക്ക് നല്‍കേണ്ടിവന്ന തുകയെക്കുറിച്ച് ഇരുവരും തമ്മില്‍ സംസാരിക്കുന്നു. സൈബിയുടെ സന്തതസഹചാരി ആയിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയിലായ ടോഷിന്‍ ഇക്കാര്യം അഡ്വ ജെ എസ് അജിത്കുമാറുമായും മറ്റ് പലരുമായും സംസാരിക്കുന്നു. തുടര്‍ന്നാണ് ഈ തുകയില്‍ വലിയൊരു ഭാഗം ജാമ്യാപേക്ഷയില്‍ വാദംകേട്ട ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നല്‍കാനെന്ന പേരില്‍ സൈബി നിര്‍മാതാവില്‍ നിന്ന് വാങ്ങിയതാണെന്ന ആരോപണം ഉയരുന്നത്. ഇവര്‍ തന്നെ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മുന്നിലും ഈ ആരോപണം എത്തിച്ചു. ഇതിനൊപ്പമാണ് അഡ്വ വിഎസ് അജിത് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും വരുന്നത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഹൈക്കോടതിയെ ആകമാനം പ്രതിക്കൂട്ടിലാക്കുന്ന നിലയിലേക്ക് വിവാദം വളരുകയായിരുന്നു.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സാക്ഷിമൊഴികള്‍ ഒപ്പംചേര്‍ത്തില്ല എന്ന് കാണിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മടക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിസ്ഥാനത്തുള്ള അഡ്വ സൈബിക്കും പകര്‍പ്പ് എടുക്കാനായില്ല. സാക്ഷിമൊഴികളും ചേര്‍ത്ത് കഴിഞ്ഞയാഴ്ച വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും സാധ്യത ഏറെയാണ്.

Top