കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ല, മുഖത്ത് വിടരുന്ന ഭാവങ്ങളാണ്; രമേശ് ചെന്നിത്തല

വെളുപ്പാണ് സൗന്ദര്യത്തിന്റെ അളവുകോല്‍ എന്ന മട്ടില്‍ ഒരു നര്‍ത്തകി നടത്തിയ പരാമര്‍ശവും അതിനെ തുടര്‍ന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്ന് രമേശ് ചെന്നിത്തല. നര്‍ത്തകിയുടെ പരാമര്‍ശങ്ങള്‍ നമ്മുടെ ഉന്നതമായ സാംസ്‌കാരിക പാരമ്പര്യത്തിന് ചേര്‍ന്നതല്ല. കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തില്‍ അത് അനുവദിക്കാന്‍ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവര്‍ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓര്‍ക്കുന്നത് നന്നായിരിക്കും. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇതിനിടെ സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ക്ഷണത്തില്‍ ഏറെ സന്തോമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അറിയിച്ചത്.

Top