മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

soumini

കൊച്ചി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം.

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ഇതിനായി കരുതിവെച്ച തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

കേരളത്തിലെ പ്രളയത്തിനായി നിരവധി പേരാണ് കൈത്താങ്ങുമായി രംഗത്ത് വന്നിട്ടുള്ളത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പ്രമുഖരും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്തെ സംസ്ഥാനങ്ങള്‍ പലതും കോടി രൂപകളാണ് കേരളത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹായം പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മമത അറിയിച്ചു.

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്നും അറിയിച്ചു.

Top