96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിലെ ഡോള്‍ബി തീയറ്ററില്‍ തുടങ്ങി. മികച്ച സഹനടിയെ ആണ് ആദ്യം പ്രഖ്യാപിച്ചത്. ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന്ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫ് നല്ല സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ ഒറിജിനല്‍ വിഭാഗത്തില്‍ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തില്‍ അമേരിക്കന്‍ ഫിക്ഷനും ആണ് അംഗീകാരം.മികച്ച അനിമേഷന്‍ ചിത്രമായി ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ പുരസ്‌കാരത്തിന് അര്‍ഹമായി.പുവര്‍ തിങ്‌സിനാണ് മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകള്‍.
ഇന്ത്യന്‍ സമയം രാവിലെ ആറിനുശേഷമായിരിക്കും പ്രധാന പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം. ഓപന്‍ഹെയ്മറും ബാര്‍ബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95 -ാം ഓസ്‌കര്‍ വേദിയില്‍ നിന്ന് 96 -ാം പതിപ്പിലേക്ക് എത്തുമ്പോള്‍ മത്സരചിത്രം ഏറെകുറെ വ്യക്തമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപന്‍ഹെയ്മറില്‍ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപന്‍ഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്‌കറിലും തല ഉയര്‍ത്തി നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളന്‍ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ വിഭാഗത്തില്‍ പുവര്‍ തിംഗ്‌സ് നായിക എമ്മ സ്റ്റോണും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് വ്യക്തമാണ്.
തീയറ്ററുകളിലും തരംഗം ഉയര്‍ത്തിയ പുവര്‍തിംഗ്‌സും കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണും ബാര്‍ബിയുമെല്ലാം സിനിമാപ്രേമികളുടെ ഓസ്‌കര്‍ പ്രതീക്ഷകളാണ്. സംവിധായകയും നായികയും നോമിനേറ്റ് ചെയ്യാപ്പെടാഞ്ഞത് വിവാദമായെങ്കിലും, ബാര്‍ബി സംഗീത വിഭാഗത്തിലടക്കം രണ്ടിലധികം അവാര്‍ഡുകള്‍ നേടുമെന്ന് കരുതുന്നവരുണ്ട്. വെള്ളക്കാരുടെ അധീശത്തിന്റെ പേരില്‍ എല്ലാക്കാലവും പഴി കേള്‍ക്കാറുള്ളത് കൊണ്ട് തന്നെ ആഫ്രിക്കന്‍ വംശജരും എല്‍ ജി ബി ടിക്കാരുമടക്കം വൈവിധ്യമുള്ള നോമിനേഷന്‍ പട്ടിക എന്ന അവകാശവാദം ഇക്കുറിയും അക്കാദമി നിരത്തുന്നു.
ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലെ റ്റു കില്‍ എ ടൈഗര്‍ ആണ് ഒരേ ഒരു ഇന്ത്യന്‍ സാന്നിധ്യം. ജാര്‍ഖണ്ഡില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടമാണ് നിഷ പഹൂജ ഒരുക്കിയ കനേഡിയന്‍ ഡോക്യുമെന്ററി തുറന്നുകാട്ടുന്നത്.