രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 1500 പേരെ അറസ്റ്റ് ചെയ്‌തെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

muhammed-bin-salman

ജിദ്ദ: ആക്ടിവിസ്റ്റുകളെന്ന പേരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരായ തെളിവുകള്‍ പുറത്തുവിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

മാധ്യമങ്ങളോട് സംസാരിച്ചതിനല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നും സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 1500 പേരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ റിസ്റ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നിന്ന് അറസ്റ്റിലായവര്‍ വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്ദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇവര്‍ പിടിയിലായത്.

35,000 കോടി ഡോളറിലധികം പണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് ഖജനാവിലേക്ക് ചേര്‍ക്കുകയാണ് ചെയ്തത്. അറസ്റ്റിലായവരുടെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. എട്ട് പേര്‍ മാത്രമാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്. രണ്ട് വര്‍ഷത്തിനകം എല്ലാ കേസുകളും അവസാനിപ്പിക്കും.

നിയമനടപടി പൂര്‍ത്തിയാകുമ്പോള്‍ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ ഇവരെ വെറുതെ വിടുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ബ്ലൂം ബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സൗദി കിരീടാവകാശി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Top