അബ്രാഹ്മണ ശാന്തി നിയമനം; നിശബ്ദ വിപ്ലവമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചു.

പുതിയ നിയമനങ്ങൾ നിശബ്ദ വിപ്ലവമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമനം നടത്തിയത്.

ക്ഷേത്ര പ്രവേശന വിളംബരം വഴി അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ശ്രീകോവിലുകള്‍ അവര്‍ക്ക് അപ്രാപ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് വകയുടെയും,ട്രസ്റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ശാന്തിയായി നിയമിക്കുമായിരുന്നില്ല.

ചില സംഘടനകളുടെയും കുടുംബങ്ങളുടെയും വക ക്ഷേത്രങ്ങളില്‍ പിന്നാക്ക സമുദായക്കാരെയോ ദളിതരെയോ ക്ഷേത്രത്തിലെ കഴകം ഉള്‍പ്പെടെയുള്ള അകംജോലികളില്‍ ഒന്നും തന്നെ നിയമിക്കാത്ത സാഹചര്യമാണുള്ളത്.

ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തി നിയമനത്തില്‍ നടപ്പാക്കിയതിലൂടെ ചരിത്രം തിരുത്തിയെഴുതിയിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പൂജാകര്‍മ്മങ്ങളില്‍ പ്രാവീണ്യമില്ലാത്ത മേല്‍സമുദായത്തില്‍ പെട്ടവരെ കൈക്കൂലി വാങ്ങി നിയമിക്കുന്ന പതിവുണ്ടായിരുന്നു. ആ അഴിമതിയും തടയിടാനായി. ശബരിമലയിലെ ശാന്തി നിയമനത്തില്‍ സംവരണം സാദ്ധ്യമാകുമോ എന്ന് പരിശോധിക്കും. മലബാര്‍ ദേവസ്വം നിയമ ഭേദഗതി നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Top