കേന്ദ്രത്തിന്റെ സമീപനം ഞെട്ടിപ്പിക്കുന്നത്; ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ കാര്യം കട്ടപ്പൊക

തിരുവനന്തപുരം: ഞെട്ടിപ്പിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ഇതാണ് ഇനി വരാന്‍ പോകുന്ന സാമ്പത്തിക പാക്കേജുകളുടെ ഉദാഹരണമെങ്കില്‍ രാജ്യത്തിന്റെ കാര്യം കട്ടപ്പൊകയാകാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും കേന്ദ്രത്തിന്റെ പാക്കേജില്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയോടും യാഥാര്‍ഥ്യത്തോടും പൊരുത്തപ്പെടാത്ത പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രിയില്‍നിന്ന് ഉണ്ടായത്. ഇന്നും സംസ്ഥാനങ്ങള്‍ക്കുള്ള സഹായത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. തൊഴിലാഴികളെ തൊഴിലുറപ്പിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിട്ടും തുക വര്‍ധിപ്പിച്ചില്ല.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 55,000 കോടിയാണ് നീക്കിവച്ചത്. അതില്‍ 5000 കൂട്ടി ഇപ്പോള്‍ 60,000 കോടി രൂപയാക്കി. ഒരു പൈസ ഈ വര്‍ഷം തൊഴിലുറപ്പിനു മാറ്റിവച്ചിവച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രിയുടെ കണക്കുകള്‍ ലജ്ജാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകെ 27.9കോടി പ്രവൃത്തിദിനമാണ് കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം 11.08 കോടി പ്രവൃത്തിദിനം. സാധാരണ പ്രവൃത്തിദിനം പോലും ഉണ്ടായിട്ടില്ല. ചെയ്ത ജോലിയുടെ കുടിശികയും തൊഴിലാളികള്‍ക്കു കൊടുത്തില്ല. അടിസ്ഥാനമില്ലാത്ത കണക്കുകളാണ് കേന്ദ്രമന്ത്രി പറയുന്നത്.

നഗരമേഖലയിലേക്കു തൊഴിലുറപ്പ് നീട്ടിയിട്ടില്ല.157 കോടിരൂപയാണ് എസ്ഡിആര്‍എഫ് വഴി കേരളത്തിനു കിട്ടിയത്. ഇതിന്റെ 25 ശതമാനം മാത്രമേ കുടിയേറ്റ തൊഴിലാളികള്‍ക്കു നല്‍കാന്‍ കഴിയൂ. ഇത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. കുടിയേറ്റം യൂണിയന്‍ ലിസ്റ്റിലാണുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രയുടെ ചെലവെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കേണ്ടതാണ്. 1000 രൂപയെങ്കിലും തൊഴിലാളികള്‍ക്ക് കൊടുക്കണമെന്നും ധനമന്ത്രി വിശദീകരിച്ചു.

Top