മെക്‌സികോക്കെതിരായ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കൊളാനി പ്രഖ്യാപിച്ച ടീമില്‍ രണ്ടു വര്‍ഷത്തിനു ശേഷം ടോട്ടനം ഹോസ്പര്‍ താരം എറിക് ലമേല ഇടം നേടി. ലമേലയുടെ ടോട്ടനം സഹതാരം ഫോയ്ത്ത് ടീമിലിടം നേടിയപ്പോള്‍ സെര്‍ജിയോ റൊമേരോ, നിക്കളാസ് ഒട്ടമെന്‍ഡി, റോബര്‍ട്ടോ പെരേര എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ നിന്നും ടീമിലിടം പിടിച്ച മറ്റു താരങ്ങള്‍.
സൂപ്പര്‍ താരങ്ങളായ മെസി, അഗ്യൂറോ, ഹിഗ്വയന്‍, ഡി മരിയ എന്നിവര്‍ ഇത്തവണയും ടീമിലെത്തിയിട്ടില്ല. ലോകകപ്പിനു ശേഷം മൂന്നു തവണ ടീം പ്രഖ്യാപിച്ചപ്പോഴും ഈ താരങ്ങള്‍ ടീമിലിടം നേടിയിട്ടില്ലായിരുന്നു. അര്‍ജന്റീനിയന്‍ ക്ലബ് റേസിങ്ങിന്റെ ഇരുപതുകാരന്‍ താരമായ മാറ്റിയാസ് സറാക്കോയാണ് ടീമിലെ പുതുമുഖം. നവംബര്‍ പതിനാറിനും ഇരുപതിനുമാണ് മെക്‌സികോക്കെതിരായ സൗഹൃദ മത്സരങ്ങള്‍.