ഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാനായി മാറ്റി. ഹര്‍ജിയില്‍ കേരളത്തിന്റയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്.
കേന്ദ്രം നല്‍കിയ കണക്കുകളെ കേരളം എതിര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ല. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതാണ് കേന്ദ്ര നിലപാടെന്നും കേരളം കോടതിയില്‍ പറഞ്ഞു.അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. സാമ്പത്തിക വര്‍ഷാന്ത്യമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിക്കുകയായിരുന്നു.
നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം അനുമതിയാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞാണ് കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നത്. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണ്. സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവേചനപരമാണ് എന്നും കേരളം വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായി വാദം അവതരിപ്പിച്ചത്.
കടമെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഏകീകൃത മാനദണ്ഡമാണ് നടപ്പാക്കുന്നത്. അതില്‍ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഏകീകൃത മാനദണ്ഡം വിവേചനമാണെന്ന് പറഞ്ഞ് കേരളത്തിന് കോടതിയെ സമീപിക്കാനാവില്ല. ധനകാര്യ മാനേജ്‌മെന്റ് ശരിയായി മുന്നോട്ട് കൊണ്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞില്ല. കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട പ്ലാന്‍ ബി കേരളം ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഇല്ലെങ്കിലും കേരളത്തിന് മുന്നോട്ട് പോകാന്‍ സ്വന്തം വഴിയുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.