തിരുവനന്തപുരം: അണ്‍ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു. കേസില്‍ മൂന്നാം പ്രതിയാണ് ശിവകുമാര്‍. പ്രതി ചേര്‍ത്തതിന് പിന്നാലെ ശിവകുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നായര്‍ നല്‍കിയ പരാതിയില്‍ കരമന പോലീസ് എടുത്ത കേസില്‍ ആണ് കോടതി അറസ്റ്റ് തടഞ്ഞത്.
ബാങ്കില്‍ 2012-ല്‍ ശിവകുമാറിന്റെ ഉറപ്പില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ശിവകുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് പരാതി. സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ കേസിലെ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠന്‍ രണ്ടാം പ്രതിയുമാണ്. അതേസമയം ബാങ്കിലെ എ-ക്ലാസ് മെമ്പര്‍ മാത്രമാണ് താനെന്നും തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ആണ് ജാമ്യ ഹര്‍ജിയില്‍ ശിവകുമാര്‍ അറിയിച്ചത്.
മൂന്ന് കേസുകളാണ് സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മധുസൂധനന്‍ എന്ന വ്യക്തി മാത്രമാണ് വിഎസ് ശിവകുമാറിനെതിരെ അടക്കം പരാതി നല്‍കിയത്. വിഎസ് ശിവകുമാര്‍ നല്‍കിയ ഉറപ്പിലാണ് പണം സംഘത്തില്‍ നിക്ഷേപിച്ചതെന്നാണ് പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴി. ഒരു കേസില്‍ ഒന്നാം പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. പണം നഷ്ടമായവര്‍ ശാസ്തമംഗലത്തുളള ശിവകുമാറിന്റെ വീടിന് മുന്നില്‍ മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.