വാഷിങ്ടണ്‍: ദക്ഷിണ ചൈനാക്കടല്‍ സംബന്ധിച്ച വാദങ്ങള്‍ക്ക് അന്താരാഷ്ട്ര ട്രിബ്യൂണലില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ മേഖലയില്‍ ചൈന സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ .
ഇവിടെ ചൈന അനധികൃതമായി നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന്റെയും ഇവയ്ക്കായി ഷെഡ്ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നതിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. തര്‍ക്കപ്രദേശത്ത് ചൈന കുറച്ച് വര്‍ഷങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിന്റെ വ്യക്തമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വാഷിങ്ടണ്‍ ആസ്ഥാനമായ ഗവേഷണ സ്ഥാപനമാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചൈനിസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഏത് യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് ദ്വീപിലെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളില്‍ സൈനിക വിമാനങ്ങള്‍ ഇല്ല.
ദ്വിപില്‍ നിര്‍മ്മിച്ചിരിക്കുന്ന വലിയ ഷെഡ്ഡുകള്‍ ചൈനയുടെ എച്ച് 16 ബോംബര്‍ വിമാനങ്ങള്‍, എച്ച് 6യു റീ ഫ്യൂവലിങ് ടാങ്കര്‍, വൈ8 ചരക്ക് വിമാനം തുടങ്ങിയവയ്ക്കുള്ളതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി എതിരായതിന് പിന്നാലെയാണ് ഇവയുടെ നിര്‍മ്മാണം നടന്നത് എന്നത് ശ്രദ്ധേയമാണ്. 60 മുതല്‍ 200 അടി വരെ വലിപ്പമുള്ളതാണ് ദ്വീപിലെ ഷെഡ്ഡുകള്‍.
ചൈനയുടെ നീക്കം ഫിലിപ്പീന്‍സുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്നും യുദ്ധത്തിന് തന്നെ വഴിവെക്കുമെന്നും നിരീക്ഷകര്‍ ആശങ്കപ്പെടുന്നു.
ദക്ഷിണ ചൈനാ കടലിനെ സൈനിക വല്‍ക്കരിച്ച് കൈയ്യടക്കാനാണ് ചൈനീസ് ശ്രമമെന്ന് വ്യക്തമാണ്. എന്നാല്‍ ഇത് എത്രത്തോളം വലുതായിരിക്കുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നും നിരീക്ഷകര്‍ പറയുന്നു.