അബുദാബി: ക്രിക്കറ്റ് പോരാട്ടത്തിന് ശനിയാഴ്ച തുടക്കമാകും. ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. യു.എ.ഇ.യിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഇത് മൂന്നാം തവണയാണ് യു.എ.ഇ ഏഷ്യന്‍ ടീമുകളുടെ പോരാട്ടത്തിന് വേദിയാവുന്നത്. മുമ്പ് 1984, 1995 വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ച യു.എ.ഇ.യ്ക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന് യോഗ്യതയില്ല. ടൂര്‍ണമെന്റ് ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് മാറി വീണ്ടും ഏകദിനത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
സെപ്റ്റംബര്‍ 18ന് ഹോങ്കോങ്ങിനെതിരായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യമത്സരം നടക്കുന്നത്. തൊട്ടടുത്ത ദിനം തന്നെ ഇന്ത്യ പാക്കിസ്ഥാനെയും നേരിടും. രണ്ടു മത്സരങ്ങള്‍ തുടരെ കളിക്കേണ്ടിവരുന്നത് ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരായുള്ള മത്സരത്തില്‍ തിരിച്ചടിയാവും.
നായകന്‍ വിരാട് കൊഹ്‌ലിക്ക് പകരം രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. രാജസ്ഥാന്‍ മീഡിയം പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം.