കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത വിധമാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്നും കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
ഹരിദാസ് വധക്കേസില്‍ ഏഴു പേര്‍ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആര്‍. ഇളങ്കോ അറിയിച്ചു. തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.