തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐഎം കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം.
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽഗാന്ധിക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം നശിപ്പിച്ചു പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാർ മാതൃകയിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോൾ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്നും കോൺഗ്രസ്ചൂണ്ടിക്കാട്ടുന്നു.