തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തയ്യാറടുപ്പിലാണ് പ്രതിപക്ഷം. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്റിന്റെ നിലപാട് നിര്‍ണായകമായിരിക്കും.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.ഐ.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന സി.പി.ഐ.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ ഉറപ്പായി.
സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്റ് ചോദിക്കുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിലെ വീഴ്ച പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക. ഇതിന് പുറമെ നാളത്തെ സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും നടക്കും.