ഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മുംബൈ ലക്‌നൗ എന്നിവിടങ്ങളിലെ ആകെ 752 കോടിയുടെ സ്ഥാവര സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്.
സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടര്‍മാര്‍. ഖാര്‍ഗെയും, സാം പിത്രോഡയും അസോസിയേറ്റ് ജേര്‍ണലിന്റെ ഡയറക്ടര്‍മാരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും എന്നായപ്പോള്‍ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളുമുണ്ട്.
കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. അതിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. 2013ല്‍ ഡല്‍ഹി കോടതിയില്‍ ബിജെപിയുടെ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചായിരുന്നു പരാതി. കേസില്‍ സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 2015 ഡിസംബറില്‍ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികള്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു.