ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാര്‍സി ഷോട്ടിന് ചരിത്രനേട്ടം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാര്‍സി ഷോട്ടിന് ചരിത്രനേട്ടം. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡാണ് ഡാര്‍സി സ്വന്തമാക്കിയത്. ഹര്‍സ്റ്റ് വില്ലെ ഓവലില്‍ നടന്ന ജെ.എല്‍.ടി കപ്പലില്‍ ക്യൂന്‍സ്ലാന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ഡാര്‍സിയുടെ ചരിത്രപ്രകടനം. വെസ്റ്റേണ്‍ വാരിയേഴ്‌സിനായി കളിച്ച ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ 148 പന്തില്‍ നിന്ന് 257 റണ്‍സാണ് അടിച്ചെടുത്തത്.

ആദ്യ നൂറ് റണ്‍സ് 83 പന്തില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡാര്‍സി ക്യൂന്‍സ്ലാന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി. പിന്നീട് ഇരട്ടസെഞ്ചുറിയിലെത്താന്‍ 45 പന്ത് മാത്രമാണ് ഡാര്‍സി ചിലവഴിച്ചത്. ഇതോടെ 128 പന്തിനുള്ളില്‍ ഡാര്‍സി 200 റണ്‍സ് പൂര്‍ത്തിയാക്കി.

ഒപ്പം സിക്‌സിന്റെ എണ്ണത്തിലും ഇരുപത്തിയെട്ടുകാരന്‍ പുതിയ റെക്കോഡിട്ടു. 24 സിക്‌സാണ് ഡാര്‍സിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇത് ഏകദിന ക്രിക്കറ്റിലെ റെക്കോഡാണ്. ഇതിന് മുമ്പ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ കോളിന് മണ്‍റോ 23 സിക്‌സടിച്ചിരുന്നു.

257 റണ്‍സിലെത്തി നില്‍ക്കെ ഡാര്‍സിയെ മാത്യു കുനെമന്നനിന്റെ പന്തില്‍ ജിമ്മി പിയേഴ്‌സണ്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. കൗണ്ടി ക്രിക്കറ്റില്‍ ഗ്ലാമൊര്‍ഗനെതിരെ സര്‍റേയ്ക്ക് വേണ്ടി അലിസ്റ്റെയര്‍ ബ്രൗണ്‍നേടിയ 268 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ശ്രീലങ്കക്കെതിരായ അന്താരാഷ്ട്ര ഏകദിനത്തില്‍ രോഹിത് ശര്‍മ്മ നേടിയ 264 റണ്‍സാണ് രണ്ടാം സ്ഥാനത്ത്.

Top