ന്യൂഡല്‍ഹി: ഐ.പി.എല്‍ 14ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായത് ഓസീസ് താരങ്ങള്‍. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെതുടര്‍ന്നാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്. 14ാം സീസണുമായി സഹകരിച്ച എല്ലാവരെയും അതത് നാടുകളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കാന്‍ തങ്ങളെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓസീസ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കമന്റേറ്റര്‍മാരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്.
14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിലവില്‍ പദ്ധതിയില്ലെന്ന് തലവന്‍ നിക്ക് ഹോക്ക്‌ലി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ മുന്‍ ഓസീസ് താരങ്ങളും വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.