ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികള്‍ ഉടന്‍ സുരക്ഷിതരായി വീട്ടിലെത്തുമെന്ന് ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്സ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്ന് അപകട സ്ഥലത്തുനിന്ന് പ്രൊഫസര്‍ ഡിക്‌സ് എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഭൂഗര്‍ഭ തുരങ്കനിര്‍മാണത്തിലെ പ്രമുഖ വിദഗ്ധനായ പ്രൊഫസര്‍ ഡിക്സിന് 41 തൊഴിലാളികളെയും രക്ഷപെടുത്തുമെന്ന് ആത്മവിശ്വാസമുണ്ട്. മുകളില്‍ നിന്നും മുന്‍പില്‍ നിന്നും വശങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കുടുങ്ങികിടക്കുന്നവര്‍ മടങ്ങിയെത്തും. ഏത് മാര്‍ഗം അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയില്ല. എല്ലാ വാതിലുകളിലും ഞങ്ങള്‍ മുട്ടികൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പത്താം ദിവസം ആശ്വാസകരമായ വിവരങ്ങളാണ് ലഭിച്ചത്. തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്ളെക്സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനം ഫലം കാണുന്നതിനും തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുന്നതിനിടയില്‍ പ്രതീക്ഷ പകരുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.