പാക്കിസ്ഥാനിലെ വാഹന വ്യവസായം കഴിഞ്ഞ കുറേ മാസങ്ങളായി കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം രാജ്യത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴും സ്ഥിതി കൂടുതല്‍ ദയനീയമായിരിക്കുന്നു. 2023 ഏപ്രിൽ മാസത്തിൽ വെറും 2,844 യൂണിറ്റ് വാഹനങ്ങളാണ് പാക്കിസ്ഥാനില്‍ ആകെ വിറ്റഴിച്ചത്. 2022 ഏപ്രിലിൽ 18,626 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്താണ് ഈ ദയനീയ വില്‍പ്പന.
പാക്കിസ്ഥാനിൽ പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡും വിൽപ്പനയും വളരെ താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. പാകിസ്ഥാനിലെ കാറുകളുടെ വിൽപ്പന ഡാറ്റ പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (PAMA) ആണ് വെളിപ്പെടുത്തിയത്. വിൽപ്പനയില്‍ കഴിഞ്ഞ മാസം 84 ശതമാനം ഇടിവ് എന്നാണ് കണക്കുകള്‍. ഇത് കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ ഏപ്രിലിൽ 3.31 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തിയ സ്ഥാനത്താണ് പാക്കിസ്ഥാന്‍റെ ഈ ദയനീയാവസ്ഥ.
ഈ അടുത്ത മാസങ്ങളിൽ നാണക്കേടുണ്ടാക്കുന്ന വിധമുള്ള വാഹന വിൽപ്പന ഇടിവിനുള്ള ഒരു വലിയ ഘടകം സമ്പന്നരായ ആളുകളിൽ നിന്നുള്ള ഡിമാൻഡിൽ ക്രമാനുഗതമായ ഇടിവാണ്. പലിശനിരക്കുകൾ വർധിക്കുക, ഉപഭോക്താക്കൾക്കുള്ള ചെലവ് വർധിക്കുക, മൊത്തത്തിലുള്ള പണപ്പെരുപ്പം, ഇന്ധന വിലക്കയറ്റം എന്നിങ്ങനെയുള്ള ബഹുമുഖ ഘടകങ്ങളും പാക്കിസ്ഥാനിലെ വാഹന വില്‍പ്പനയെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ചു. 1,000 സിസിയോ അതിൽ താഴെയോ ഉള്ള വാഹനങ്ങളെ ഫീച്ചർ ചെയ്യുന്ന എൻട്രി ലെവൽ കാർ സെഗ്‌മെന്റുകളെ ഈ ഘടകങ്ങൾ പ്രത്യേകിച്ച് സ്വാധീനിച്ചിട്ടുണ്ട്. സുസുക്കി ആൾട്ടോ, വാഗൺആർ, കൾട്ടസ് (ഇന്ത്യയിലെ സെലേരിയോ) തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടുന്ന 1000 സിസി സെഗ്‌മെന്റിൽ വെറും 276 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റുപോയതെന്ന് പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ഡാറ്റ വെളിപ്പെടുത്തുന്നു. 1,300 സിസിക്ക് മുകളിലുള്ള വാഹന വിഭാഗത്തില്‍ 2022 ഏപ്രിലിൽ വിറ്റ 9,189 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 1,585 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. അതായത് 1,300 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്കായി തിരയുന്ന അൽപ്പം കൂടി നല്ല വരുമാനമുള്ളവരും പുതിയ വാങ്ങൽ തീരുമാനങ്ങൾ ഒഴിവാക്കിയെന്ന് ചുരുക്കം.
പാക്കിസ്ഥാനിലെ ബസുകൾ, ട്രക്കുകൾ, ട്രാക്ടർ എന്നിവയുടെ വിൽപ്പനയും ഏതാണ്ട് നാശോന്മുഖമാണ്. ഇരുചക്ര, മുച്ചക്ര വാഹന വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. എന്നാൽ എല്ലാ സൂചനകളും അനുസരിച്ച്, മൊത്തത്തിലുള്ള ഓട്ടോ-ഫിനാൻസിംഗ് കണക്കുകൾ ഗണ്യമായി കുറഞ്ഞതിനാൽ ഇവയും കുറയുമെന്ന് ഉറപ്പ്.
അതേസമയം പാകിസ്ഥാൻ വാഹന വ്യവസായത്തെയും ഇന്ത്യൻ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭയാനകമാംവിധം കുറഞ്ഞ വിൽപ്പന കണക്ക് പാക്കിസ്ഥാനിലെ വാഹന നിർമ്മാതാക്കൾക്ക് മാത്രമല്ല സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആശങ്കയാണ്.