കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ എത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.