സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍വന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണ് മല്‍സ്യത്തൊഴിലാളികള്‍. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികളും പൂര്‍ത്തീകരിച്ചാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബോട്ടുകളിലേക്ക് ഐസുകള്‍ കയറ്റി തുടങ്ങി. ഇന്ന് അര്‍ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ പരാതി ഉയര്‍ത്തുന്നു. ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെ മീന്‍ വിലയിലും കുറവുണ്ടാകും.

Top