ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങുന്നു.

കളിക്കാരുടെ ശമ്പളത്തിന് നീക്കിവച്ചിരുന്ന 180 കോടിക്ക് പുറമെ മറ്റൊരു 200 കോടി കൂടി നീക്കിവയ്ക്കുന്നതിനായി ഒരു സമവാക്യത്തിന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി രൂപം നല്‍കി വരികയാണ്.

പുതിയ ശമ്പള രീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് 100 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകുമെന്നാണ് സൂചന.

ക്രിക്കറ്റിന്റെ ഒരു മേഖലയില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും മികച്ച രീതിയില്‍ തന്നെ ശമ്പള വര്‍ധനവുണ്ടാകും.

താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് നായകന്‍ വിരാട് കൊഹ്‌ലിയും, പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

2017ല്‍ 46 മത്സരങ്ങളില്‍ കളിച്ച നായകന്‍ വിരാട് കൊഹ്‌ലിക്ക് 5.51 കോടി രൂപ മാത്രമായിരുന്നു വേതനമായി ലഭിച്ചത്.

പുതിയ ഫോര്‍മുലയനുസരിച്ച് ഇത് 10 കോടി രൂപയായി ഉയരും. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധനവുണ്ടാകും.

12 മുതല്‍ 15 ലക്ഷം രൂപ വരെയാണ് ഒരു രഞ്ജി താരത്തിന് നിലവില്‍ ഒരു സീസണില്‍ ലഭിക്കുന്ന വരുമാനം. ഇത് 30 ലക്ഷം രൂപയായി ഉയരും.

Top