കളിക്കാരെ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ടെന്ന്‌ ഹൈക്കോടതി

High court

കൊച്ചി : രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ടെന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിലപാട് വ്യക്തമാക്കിയത്.

ശ്രീശാന്തിനെതിരെ തെളിവുകളില്ലാതെയാണ് നടപടിയെടുത്തതെന്നു കണ്ടെത്താനാവുമെന്നും കോടതി വിലയിരുത്തി.

മാത്രമല്ല, ശ്രീശാന്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വാതുവെപ്പ് ശ്രമം വിജയിച്ചില്ലെങ്കില്‍ പോലും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താമായിരുന്നു. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ചുറ്റി വാതുവെപ്പ് സംഘങ്ങളും മറ്റു മാഫിയകളുമുണ്ടെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുമുണ്ട്.

ശ്രീശാന്തിന്റെ സുഹൃത്ത് ജിജുവും വാതുവെപ്പുകാരനായ ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും ശ്രീശാന്ത് പോലീസിനോടു നടത്തിയ കുറ്റ സമ്മതവുമാണ് ബിസിസിഐ നടപടിക്ക് ആധാരമാക്കിയത്.

ശ്രീശാന്തും ജിജുവും നല്‍കിയ മൊഴിയനുസരിച്ച് മറ്റൊരു സുഹൃത്തായ അഭിഷേക് ശുക്ലയില്‍ നിന്ന് പോലീസ് അഞ്ചു ലക്ഷം രൂപ പിടിച്ചെടുത്തതും ബിസിസിഐ പരിഗണിച്ചു. ഇതു വാതുവെപ്പു സംഘം ശ്രീശാന്തിന് നല്‍കിയതാണെന്നായിരുന്നു ആരോപണം.

എന്നാല്‍ തന്റെ ഓവറില്‍ 14 റണ്‍സിലധികം വിട്ടുകൊടുക്കുമെന്ന് ശ്രീശാന്ത് ധാരണയുണ്ടാക്കിയെന്ന് പറയുമ്പോഴും പൊലീസും ബിസിസിഐയും ചൂണ്ടിക്കാട്ടിയ ഓവറില്‍ 13 റണ്‍സാണ് വിട്ടു കൊടുത്തത്. വാതു വെപ്പു സംഘവുമായുള്ള ധാരണ നടന്നില്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.

ശ്രീശാന്ത് വാതുവെപ്പിന് തയ്യാറല്ലെന്ന് പറഞ്ഞെന്നാണ് ജിജു ഫോണില്‍ പറഞ്ഞതെന്നും, ആ നിലയ്ക്ക് ശ്രീശാന്ത് എങ്ങനെ കുറ്റക്കാരനാകുമെന്നും കോടതി ആരാഞ്ഞു.

പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീശാന്ത് നടത്തിയ കുറ്റസമ്മതമാണ് മറ്റൊരു തെളിവ്.

കുറ്റം സമ്മതിക്കാന്‍ പോലീസ് തന്നെ പീഡിപ്പിച്ചെന്ന് ശ്രീശാന്തിന്റെ കേസില്‍ തന്നെ പറയുന്ന സ്ഥിതിക്ക് ഈ തെളിവും പരിഗണിക്കാനാവുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top