ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ചയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’ തിയേറ്ററിലെത്താന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.
വന്‍ വിവാദമായി മാറിയ ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചിത്രം തിരിച്ചയച്ചതോടെയാണ് ഡിസംബര്‍ ഒന്നിന് സിനിമ പുറത്തിറങ്ങാനുള്ള സാധ്യത കുറഞ്ഞത്.
പൂര്‍ണമായ അപേക്ഷ ലഭിച്ചാലുടന്‍ തന്നെ സിനിമ പരിശോധനക്ക് വിധേയമാക്കുമെന്ന് സെന്‍സര്‍ ബോര്‍ഡുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷ ലഭിച്ച് 61 ദിവസങ്ങള്‍ക്കകമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് അന്തിമ തീരുമാനം കൈകൊള്ളുന്നത്.
സിനിമയ്‌ക്കെതിരെ രജപുത് വിഭാഗക്കാര്‍ ചിറ്റോര്‍ഗഡില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
കൂടാതെ ചിത്രം തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും രംഗത്തെത്തിയിരുന്നു.
ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും, ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ലെന്നും, സമ്പന്നമായ രാജസ്ഥാന്റെ ചരിത്രത്തെ മാറ്റാന്‍ സമ്മതിക്കില്ലെന്നും തരത്തില്‍ ചിത്രത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമയില്‍ മേവാറിലെ രാജ്ഞി റാണി പത്മിനിയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രകടനങ്ങള്‍ ഉണ്ടായത്.
അലാവുദ്ദീന്‍ ഖില്ജിയും റാണി ‘പത്മാവതി’യും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് പ്രകടനക്കാര്‍ പറയുന്നത്.
സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആശങ്ക പങ്കു വെച്ച് കൊണ്ട് ക്ഷത്രിയ രജ്പുത് വംശങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘പത്മാവതി’യുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.
ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ ‘പത്മാവതി’യുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.
160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്.
ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് പത്മാവതി നിര്‍മ്മിച്ചിരിക്കുന്നത്.