തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കുന്നതിനിടെ ബില്ലിന്റെ കോപ്പി പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അപേക്ഷാ തീയതി നീട്ടി നല്‍കിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും അവര്‍ ആരോപിച്ചു.
വയനാട് ബാലാവകാശ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് ഗുരുതരപരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രി ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മന്ത്രിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.