രാഷ്ട്രപതിയുടെ ജീവചരിത്രം വരുന്നു

ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവചരിത്രം ഈ വര്‍ഷം അവസാനത്തോടുകൂടി പുറത്തിറങ്ങുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ്.

‘മാഡം പ്രസിഡണ്ട്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ രാഷ്ട്രപതിപദത്തിലേക്കുയര്‍ന്നുവന്നതുവരെയുള്ള മുര്‍മുവിന്റെ ജീവിതമാണ് പറയുന്നത്. രാജ്യത്തെ പരമോന്നതപദവിയില്‍ എത്തിച്ചേര്‍ന്നതിനു പിന്നിലെ വേദനകളും യാതനകളും വ്യക്തിജീവിതത്തിലെ നഷ്ടങ്ങളും ബന്ധങ്ങളും പുസ്തകത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ഭുവനേശ്വരിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സന്ദീപ് സാഹു ആണ് പുസ്തകത്തിന്റെ രചയിതാവ്.

ഗോത്രവര്‍ഗക്കാരിയായ ഒരു സ്ത്രീ ഇന്ത്യന്‍ പ്രസിഡണ്ട് പദവിയിലേക്ക് ഉയരുക എന്നത് ചരിത്രമുഹൂര്‍ത്തമാണ്. അവരെക്കുറിച്ച് പുസ്തകം തയ്യാറാക്കേണ്ടത് തലമുറയുടെ ആവശ്യമാണ് എന്നാണ് സന്ദീപ് സാഹു പ്രതികരിച്ചത്. ‘മുര്‍മു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ച് ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ആയിരുന്നു ഞാനെന്റെ കൗമാരകാലം മുഴുവനായും ചെലവഴിച്ചത്. ദ്രൗപദി മുര്‍മുവിലേക്കുള്ള എന്റെ ദൂരം വളരെ കുറച്ചേയുള്ളൂ എന്ന് തോന്നി’-സാഹു കൂട്ടിച്ചേര്‍ത്തു.

മയൂര്‍ഭഞ്ജ് എന്ന ശാന്തമായ ഗ്രാമത്തില്‍ നിന്നും രാഷ്ട്രപതിഭവന്‍ വരെയുള്ള ദ്രൗപദി മുര്‍മുവിന്റെ യാത്ര ജനാധിപത്യ ഇന്ത്യയുടെ ശാക്തീകരണത്തെയാണ് കാണിക്കുന്നത്. റായ്‌രഞ്ജ്പുരില്‍ നിന്നാണ് മുര്‍മു തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1997-ല്‍ ബിജെപി കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മുര്‍മു അധികെ വൈകാതെ തന്നെ ഒഡീഷയിലെ ബിജെഡി- ബിജെപി സഖ്യത്തില്‍ വന്ന സര്‍ക്കാറില്‍ മന്ത്രിയുമായി. 2021-ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി മുര്‍മു സേവനം അനുഷ്ഠിക്കുന്നത്.

Top