കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിലാളി സംഘം പണിയെടുക്കുന്ന മേഖലയാണ് തേയിലത്തോട്ട മേഖല. എന്നാല്‍ ഈ മേഖലയാണ് ഏറ്റവുമധികം വിവേചനം നേരിടുന്നതും. അവകാശ ലംഘനങ്ങളും അടിസ്ഥാന സൗകര്യ ലഭ്യതക്കുറവും ഇവര്‍ വളരെയധികം അനുഭവിക്കുന്നു എന്നാണ് എല്ലാക്കാലത്തും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലേതു പോലെ തന്നെ പശ്ചിമ ബംഗാളിലും ഇവര്‍ എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും അടിമത്വവും അനുഭവിക്കുന്നു. ദാരിദ്രവും പോഷകാഹാരക്കുറവും തട്ടിക്കൊണ്ടു പോകലും അടിമക്കച്ചവടവുമാണ് നേരിടുന്ന അതിഭീകരമായ പ്രതിസന്ധികള്‍. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി ദേശീയ മാധ്യമങ്ങള്‍ വിവിധ റിപ്പോര്‍ട്ടുകളിലൂടെ പരാമര്‍ശിക്കുന്നു.
ഉത്തരേന്ത്യയില്‍ 1994 ല്‍ 3141 പ്ലാന്റുകള്‍ ഉണ്ടായിരുന്നത് 1999ല്‍ 36,836 ആയി വര്‍ദ്ധിച്ചു. പശ്ചിമ ബംഗാളിലെ ഡോര്‍സില്‍ മാത്രം 168 പ്ലാന്റുകളില്‍ നിന്ന് ഈ കാലഘട്ടത്തില്‍ 532 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 159 രൂപയാണ് ഇവിടുത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി. കഴിഞ്ഞ മാസം ഇത് വര്‍ദ്ധിപ്പിച്ച് 176 ആക്കാന്‍ ധാരണയായിട്ടുണ്ട്. നിരവധി സമരങ്ങല്‍ക്കൊടുവിലാണ് ഈ തുകയെങ്കിലും ലഭിച്ചത്.
കുടിവെള്ള പ്രശ്‌നമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം. ഇവിടെ താമസിക്കുന്ന 60 ശതമാനം ആളുകള്‍ക്കും പൊതു ടാപ്പുകളില്‍ നിന്നാണ് കുടിവെള്ളം ലഭിക്കുന്നത്. 2013 ല്‍ അടച്ചു പൂട്ടിയ ബന്ദാപാനി ഗാര്‍ഡനിലുള്ളവര്‍ ഭൂട്ടാനില്‍ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍, ഭൂട്ടാന്‍ സര്‍ക്കാര്‍ വെള്ളത്തിന് കരമൊടുക്കണമെന്നാവശ്യപ്പെട്ട് തേയില കമ്പനികള്‍ക്ക് കത്തയച്ചു. തൊഴിലാളികളാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്.
വിവിധ കമ്പനികളില്‍ പണിയെടുക്കുന്നവര്‍ക്ക് താങ്ങാവുന്നതിലുമധികം ജോലി ഭാരമാണ് കമ്പനി നല്‍കുന്നത്. 8 മണിക്കൂറിനുള്ളില്‍ 20 കിലോ തേയില നുള്ളണമെന്നാണ് അധികൃതരുടെ ആവശ്യം. 14 കിലോ എന്ന കണക്കില്‍ നിന്നാണ് 20ലേയ്ക്ക് ഒറ്റയടിയ്ക്ക് വര്‍ദ്ധിപ്പിച്ചത്.
വിവിധ കമ്പനികള്‍ ഇപ്പോള്‍ 169 രൂപ വേതനം നല്‍കുന്നുണ്ട്. ബന്ദാപാണി, ദേഖലാപാര, മധു ടീ എന്നിവടങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 1500 രൂപ അലവന്‍സായും നല്‍കുന്നു. ബോണസുകളുടെ വിഷയത്തിലും വലിയ പ്രശ്‌നങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇത്തരം ആനുകൂല്യങ്ങള്‍ കിട്ടാന്‍ തന്നെ പ്രയാസമാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ താമസിക്കുന്ന കോളനികളിലേക്ക് റോഡുകളും ചികിത്സയ്ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുട്ടികള്‍ക്ക് സ്‌ക്കൂള്‍ ബസുകളും വേണമെന്നാണ് മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
സങ്കോഷ്, കുമാര്‍ഗ്രാം ടീ ഗാര്‍ഡനുകള്‍ ഭീമമായ നികുതി അടയ്ക്കാനുണ്ട്. ഇവ ഓരോന്നും 2006ലും 2000ത്തിലുമായി പ്രവര്‍ത്തന കാലാവധി നിയമപരമായി കഴിഞ്ഞതാണെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. എന്നാല്‍, ആവശ്യമായ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതാണ് ഇവിടങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന അതി ഭീകരമായ മറ്റൊരു വെല്ലുവിളി. കഴിഞ്ഞ ദിവസം ചൗപാര ഗാര്‍ഡനില്‍ നിന്നും 13 വയസ്സായ കുട്ടിയെ ശ്രീനഗറിലേക്ക് കടത്തിക്കൊണ്ടു പോയിരുന്നു. രണ്ട് കുട്ടികളെ ഇതിനു മുന്‍പ് പല ഏജന്‍സികള്‍ക്കും വിറ്റതായും കണ്ടെത്തിയിരുന്നു. ഒരു എന്‍ജിഒ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. സുചിത്ര എന്ന കുട്ടിയെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി തിരികെ കൊണ്ടു വന്നിരുന്നു. ഗര്‍ഭിണിയായ നിലയിലാണ് അവളെ തിരികെ കിട്ടിയത്. 200-250 നും ഇടയില്‍ എണ്ണം മനുഷ്യക്കടത്ത് ഏജന്‍സികളാണ് പശ്ചിമ ബംഗാളിലെ തേയിലക്കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളും കണക്കുകളുമാണ് വിവിധ തേയിലക്കമ്പനികളുടെ കീഴിലുള്ള കോളനികളില്‍ നിന്നും കിട്ടുന്നത്. കേരളത്തില്‍ പെമ്പള ഒരുമൈ സമരം പോലെ ഇന്ത്യയുടെ എല്ലാ തേയിലത്തൊഴിലാളി മേഖലകളിലും വലിയ പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.