പിഡിപി പിന്തുണയോടെ ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി

modi

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി ശ്രമം. ഇതിനെതിരെ പിഡിപി എം.എല്‍.എ ആബിദ് അന്‍സാരി മെഹബൂബയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തുവന്നു.

ബിജെപി സര്‍ക്കാരിനെ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞു. ഷിയാ പണ്ഡിതന്‍ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധു കൂടിയാണ് ആബിദ്. ഒരു ഡസനിലധികം എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അവകാശപ്പെടുന്നത്.

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

പിഡിപിയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങളുടെ ഒപ്പം നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് പാര്‍ട്ടിക്ക് ഭൂരിപക്ഷത്തിന് വേണ്ടത്.

Top