തൃശൂർ: ഏറ്റവും കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേമത്തിന് പുറമെ, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ നേമത്തിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി, ഇത്തവണ ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും ജയിച്ച് കയറാനാകുമെന്ന ഉറച്ചപ്രതീക്ഷയിലാണ്.
എന്‍ഡിഎയ്ക്ക് ബൂത്തടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ ഇന്നും നാളെയുമായെ ലഭിക്കുകയുള്ളൂവെങ്കിലും വോട്ട് ശതമാനം വര്‍ധിപ്പിക്കാനായെന്ന് തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ
വിലയിരുത്തല്‍. വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്ന ബിജെപി, എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകുന്ന ശക്തിയായി എന്‍ഡിഎ മാറിയെന്നും വിലയിരുത്തുന്നു.
നേമത്തിന് പുറമെ പ്രവചനാതീതമായ പോരാട്ടം നടന്ന കഴക്കൂട്ടം, മെട്രൊമാന്‍ ഇ. ശ്രീധരന്‍ മത്സരിച്ച പാലക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍ സ്ഥാനാര്‍ത്ഥിയായ മലമ്പുഴ, ഒപ്പം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മഞ്ചേശ്വരം, തുടങ്ങിയ മണ്ഡലങ്ങളില്‍ ഇത്തവണ താമര വിരിയുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കഴക്കൂട്ടത്ത് ശോഭ സുേേരേന്ദ്രന്‍ വോട്ട് വര്‍ധിപ്പിക്കും. ശബരിമല ഒരു പരിധി വരെ തുണയ്ക്കും. എന്നാല്‍ കഠിനംകുളം പോലുള്ള തീരദേശ മേഖലകളില്‍ ശബരിമല ചലനം സൃഷ്ടിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. മലമ്പുഴയില്‍ ജില്ലയിലാകെ സ്വീകാര്യനായ സി. കൃഷ്ണകുമാറിന്റേത് നിശബ്ദ മുന്നേറ്റമായിരിക്കും. പാലക്കാടും, മഞ്ചേശ്വരവും ഒപ്പം പോരും. തൃശൂരില്‍ മത്സര സാധ്യത മാത്രമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരിച്ചടിക്കുമോയെന്ന ഭയവുമുണ്ട് ബിജെപിക്ക്.