ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞുവച്ചു ; രോഗി ചികിത്സ കിട്ടാതെ മരിച്ചു

ഹരിയാന: ഹരിയാനയില്‍ ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു.

ആംബുലന്‍സില്‍ അത്യാസന്ന നിലയില്‍ രോഗിയുണ്ടെന്ന് പറഞ്ഞിട്ടും ബിജെപി നേതാവായ ദര്‍ശന്‍ നാഗ്പാല്‍ പോകാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന്, അരമണിക്കൂര്‍ കഴിഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു.

ഫത്തേഹബാദില്‍ നവീന്‍ സോണിയെന്ന രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് ദര്‍ശന്‍ നാഗ്പാലിന്റെ കാറിലിടിച്ചത്.

കാറിന്‌ ഒരു കുഴപ്പവും പറ്റിയില്ല, എന്നിട്ടും ദര്‍ശന്‍ നാഗ്പാല്‍ തങ്ങളെ പിന്തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ആംബുലന്‍സ് തടയുകയായിരുന്നു എന്ന് നവീന്‍ സോണിയുടെ ബന്ധുക്കള്‍ പറഞ്ഞു.

രോഗി അത്യാസന്നനിലയിലാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും ബന്ധുക്കള്‍ കേണപേക്ഷിച്ചിട്ടും നേതാവിന്റെ മനസ്സ് അലിഞ്ഞില്ല, അര മണിക്കൂര്‍ കഴിഞ്ഞാണ് അവരെ പോകാന്‍ അനുവദിച്ചത്.

എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു. കുറച്ചുനേരത്തെ കൊണ്ടുവന്നിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായും ബന്ധുക്കള്‍ വ്യക്തമാക്കി.

അതേസമയം, ആംബുലന്‍സിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് ദര്‍ശന്‍ നാഗ്പാലിന്റെ വാദം. താന്‍ ആംബുലന്‍സ് തടഞ്ഞുവെച്ചില്ലെന്നും നേതാവ് അവകാശപ്പെട്ടു.

മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top