The BJP- League relationship was devastated by RSS

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി- മുസ്ലീം ലീഗ് ബന്ധം പൊളിച്ച് ആര്‍എസ്എസ് നേതൃത്വം. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ ലീഗ് പിന്തുണയും പകരം കാലിക്കറ്റ് വി.സിയായി ലീഗ് നോമിനിയെ പിന്തുണക്കുക എന്ന പുതിയ ബാന്ധവമാണ് ആര്‍എസ്എസ് നേതൃത്വം പൊളിച്ചടുക്കിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ മാറ്റാതെ രക്ഷയില്ലെന്ന സന്ദേശമാണ് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. നേരത്തെ എസ്എന്‍ഡിപിയുമായുള്ള സഖ്യത്തെ എതിര്‍ത്തതും മുന്‍ ബിജെപി നേതാക്കളായ പി.പി മുകുന്ദനെയും കെ. രാമന്‍പിള്ളയെയും പാര്‍ട്ടിയിലെടുക്കുന്നതിനെ പാരവെച്ചതുമാണ് ആര്‍എസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ വിശ്വാസത്തിലെടുക്കരുത് എന്ന സന്ദേശമാണ് ആര്‍എസഎസ് നല്‍കുന്നത്. അതിനാല്‍ ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവത് നേരിട്ടെത്തിയാണ് വിശാലഹിന്ദു സഖ്യത്തിന് കേരളത്തില്‍ മുന്‍കൈയ്യെടുത്തത്.

പല ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നോമിനികളെ കേന്ദ്ര നേതൃത്വം വെട്ടിയിരുന്നു. ഏറ്റവും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം പോലും ആരായാതെയാണ് തലശേരിക്കാരനായ റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോക്‌സഭയിലക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

കേരളത്തില്‍ നിന്നും അങ്ങനെ ബിജെപിക്ക് ലോക്‌സഭാംഗം ഉണ്ടായിട്ടും അദ്ദേഹത്തെ വേണ്ടരീതിയില്‍ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല. മുമ്പ് പലപ്പോഴും കേരളത്തില്‍ ബിജെപി, കോണ്‍ഗ്രസും ലീഗുമായി സഖ്യത്തിലായിരുന്നു. അപ്പോഴൊക്കെ ആ സഖ്യം ജനങ്ങള്‍ തള്ളിക്കളയുകയും ബിജെപിക്ക് വോട്ടുവില്‍പ്പനക്കാര്‍ എന്ന പേരുദോഷം ലഭിക്കുകയും ചെയ്തിരുന്നു.

വടകര ലോക്‌സഭ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമായ കോലീബി പരീക്ഷണം ഏറെ വിവാദമായിരുന്നു. ആ പരീക്ഷണത്തെ തോല്‍പ്പിച്ച് രണ്ടു മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുകയായിരുന്നു.

നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ അനുകൂല സാഹചര്യം ഒരുങ്ങിയിട്ടും ലീഗുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കമാണ് ഇപ്പോള്‍ ആര്‍എസ്എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Top