പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഉയരുന്ന കൈകള്‍ വെട്ടിക്കളയണമെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ഉജിയര്‍പുര്‍ നിത്യാനന്ദ റായി.
മോദി രാജ്യത്തെ നയിക്കുന്നത് ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ വെട്ടിക്കളയണമെന്നും നിത്യാനന്ദ റായി തുറന്നടിച്ചു.
ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദിയെന്നും, അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണമെന്നും, ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണമെന്നുമായിരുന്നു നിത്യാനന്ദ റായിയുടെ പ്രസ്താവന.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി വേദിയിലിരിക്കെയാണ് ഇത്തരം പ്രസ്താവനകള്‍ നേതാവ് നടത്തിയത്.
വിരലൊടിക്കണമെന്നും കൈവെട്ടണമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് സംഭവം വിവാദമായതോടെ നിത്യാനന്ദ റായി പ്രതികരിച്ചു.
രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവന അര്‍ഥം വെക്കുന്നതെന്നും റായ് പിന്നീട് വിശദീകരിച്ചു.