തമിഴ്നാട്ടിൽ ബിജെപിയുടെ നീക്കങ്ങൾ ശക്തം, ബിജെപിയിൽ ചേരാൻ ഒരുങ്ങി അളഗിരിയും

ചെന്നൈ: തമിഴ്നാട്ടിൽ നിർണായകനീക്കങ്ങളുമായി ബിജെപി. ഖുശ്ബുവിന് പിന്നാലെ കലൈഞ്ജർ കരുണാനിധിയുടെ മൂത്ത മകനായ എം കെ അളഗിരിയെ ബിജെപി സഖ്യത്തിലെത്തിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഡിഎംകെയുടെ അധ്യക്ഷനായ സ്റ്റാലിന്‍റെ ബദ്ധവൈരിയായ അളഗിരി പുതിയ പാർട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തും.

ഡിഎംകെയിലെ സ്റ്റാലിൻ വിരുദ്ധരാണ് ഇപ്പോൾ ബിജെപിയിലേക്ക് പോകുന്നതെന്നതാണ് ശ്രദ്ധേയം. അളഗിരിയും സ്റ്റാലിനും തമ്മിൽ കണ്ടാൽപ്പോലും മിണ്ടാത്ത തരം വൈരമുണ്ട്. അളഗിരി ബിജെപിയുമായി ചർച്ച നടത്തുന്നുവെന്ന് സ്റ്റാലിന് അറിയാമായിരുന്നുവെന്നാണ് ഡ‍ിഎംകെയിൽ നിന്ന് വരുന്ന സൂചന. അതിന് വലിയ പ്രാധാന്യം കൽപിക്കേണ്ടതില്ലെന്നാണ് സ്റ്റാലിന്‍റെ തീരുമാനമെങ്കിലും ഇന്ന് ഡിഎംകെ ആസ്ഥാനത്ത് നടന്ന ഉന്നതതലയോഗത്തിൽ ഇക്കാര്യവും ചർച്ചയായിട്ടുണ്ട്. രജനീകാന്തിനെയും എന്തുവില കൊടുത്തും സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തി വരികയാണ്.

Top