ഒന്നാം സ്ഥാനത്തേക്കുള്ള ലക്ഷ്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും; എതിരാളികള്‍ ചെന്നൈ എഫ്‌സി

.എസ്.എല്ലില്‍ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ചെന്നൈയിന്‍ എഫ്സിയാണ് കേരളത്തിന്റെ എതിരാളികള്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഏഴ് മത്സരങ്ങളില്‍ അഞ്ചു ജയം, ഒരു തോല്‍വിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു.

ഓരോ മത്സരം കഴിയുമ്പോഴും തെറ്റുകള്‍ തിരുത്തി അടുത്ത മത്സരത്തിനിറങ്ങുന്ന മഞ്ഞപ്പട എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ശക്തി. സ്വന്തം മൈതാനത്തും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ടീമില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും വുകോമാനോവിച്ച് പറഞ്ഞു. അതേസമയം ഏഴ് പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്.

ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം. മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചകളാണ് ചെന്നൈയുടെ തലവേദന. ഏഴു മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ചെന്നൈ കോച്ച് ഓവന്‍ കോയില്‍ പറഞ്ഞു. ഇരുവരും മുഖാമുഖം വന്നപ്പോള്‍ ജയം ഒപ്പത്തിനൊപ്പം. 20 മത്സരങ്ങളില്‍ ആറ് മത്സരങ്ങള്‍ വീതം 2 ടീമുകള്‍ ജയിച്ചപ്പോള്‍ 8 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

Top