സൈനിക ഹെലികോപ്ടര്‍ അപകടം; നാല് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: കൂനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവത് സിങ്, നായിക് ജിതേന്ദ്ര സിങ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ സൈനികരുടെ കുടുംബങ്ങള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറിയതായി സൈന്യം അറിയിച്ചു.

ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹി കന്റോണ്‍മെന്റിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിക്കും. രണ്ട് മണിവരെ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മൂന്നരയോടെ ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ സൈനിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാടുകളിലേക്ക് അയച്ചിരുന്നു. മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റേതുള്‍പ്പെടെയാണിത്. ഡിസംബര്‍ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടം നടന്നത്.

പരിക്കുകളോടെ രക്ഷപ്പെട്ട വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ്ങ് ബെംഗളൂരുവില്‍ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

Top