കാശ്മീര്‍ അപകടം: മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹം ഇന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രങ്ങളാണ് കഴിഞ്ഞ ദിവസം ശ്രീനഗറിലേക്കുപോയ നോര്‍ക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മുംബൈവഴി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങള്‍ പിന്നീട് പാലക്കാട്ടേക്ക് കൊണ്ടുപോകും. നടപടികള്‍ ശ്രീനഗറില്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.

പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തില്‍ കൊച്ചിയിലെത്തിക്കാനാണ് നീക്കം. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മനോജ് ശ്രീനഗറില്‍തന്നെ ചികിത്സയില്‍ തുടരും. ആരോഗ്യനിലിയില്‍ പുരോഗതി ഉണ്ടായതിനുശേഷം മാത്രമേ ഇദ്ദേഹത്തെ നാട്ടിലെത്തിക്കൂ. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടവും എംമ്പാം നടപടികളും ബുധനാഴ്ചതന്നെ പൂര്‍ത്തിയായിരുന്നു.

ചിറ്റൂര്‍ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകന്‍ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകന്‍ ആര്‍. അനില്‍ (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ എസ്. വിഗ്‌നേഷ് (24), ഡ്രൈവര്‍ കശ്മീരിലെ സത്രീന കന്‍ഗന്‍ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ സ്വദേശികളായ മഹാദേവന്റെ മകന്‍ മനോജ് (24), കൃഷ്ണന്റെ മകന്‍ കെ. രാജേഷ് (30), കറുപ്പുസ്വാമിയുടെ മകന്‍ കെ. അരുണ്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്‍മാര്‍ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സോന്‍മാര്‍ഗ് പോലീസും എസ്.ഡി.ആര്‍.എഫും മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദേശീയപാതയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

Top