പത്തനാപുരം: കല്ലടയാറ്റില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(16)യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പൂക്കുന്നിമല കടവില്‍നിന്ന് കണ്ടെത്തിയത്. അപര്‍ണയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അപര്‍ണയും അനുഗ്രഹയും അനുഗ്രഹയുടെ സഹോദരന്‍ അഭിനവ് എന്നിവര്‍ കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുകയായിരുന്നു. ആദ്യം വെള്ളത്തില്‍ വീണത് അപര്‍ണയാണ്. തുടര്‍ന്ന് അപര്‍ണയെ രക്ഷിക്കാന്‍ അനുഗ്രഹ ശ്രമിച്ചത്തിനു പിന്നാലെ അനുഗ്രഹയും വെള്ളത്തില്‍ വീഴുകയായിരുന്നു. അതിനിടെ വീട്ടില്‍പ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിൽ ആറ്റില്‍ അകപ്പെടുകയും ചെയ്തു. ആഴം കൂടിയ ഭാഗത്താണ് ഇവര്‍ വീണത്.
അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് മൃതശരീരം കണ്ടെടുത്തത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നാട്ടുകാർ പറഞ്ഞു .