നിലമ്പൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ച് ഒമ്പത് കിലോമീറ്റര്‍ വനപാതയിലൂടെ ചുമന്ന്.
കരുളായി ഉള്‍വനത്തിലെ അച്ചനളയില്‍ താമസിക്കുന്ന കുപ്പമല കാളച്ചക്കന്റെ ഭാര്യ ശാരദയെന്ന മാതി (23)യുടെ മൃതദേഹമാണ് നാട്ടുകാര്‍ കിലോമീറ്ററുകള്‍ ചുമന്നു ഊരിലെത്തിച്ചത്.
പനിയെ തുടര്‍ന്നു മൂന്നു ദിവസം മുമ്പ് മാതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ഛന്‍ കുങ്കനും അമ്മ വെള്ളയും സഹായത്തിനുണ്ടായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മാതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രി 8.30 ഓടെ മരിക്കുകയായിരുന്നു.
കാട്ടാനകളുള്ള കാട്ടിലൂടെ രാത്രിയില്‍ ഊരിലെത്താന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ നിന്നു ആംബുലന്‍സില്‍ മൃതദേഹം എത്തിച്ചത്. ഒമ്പതരയോടെ ടികെ കോളനിയില്‍ എത്തിച്ചുവെങ്കിലും വനപാത ദുര്‍ഘടമായതിനാല്‍ ആംബുലന്‍സിന് യാത്ര തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു മൃതദേഹം രണ്ടരമണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തി.
പിന്നീട് പഞ്ചായത്ത് മുന്‍ അംഗം വി.കെ. ബാലസുബ്രമണ്യന്റെ നേതൃത്വത്തില്‍ നാട്ടുകാരും വനപാലകരും പാട്ടക്കരിമ്പ് കോളനിയിലെ യുവാക്കളും ചേര്‍ന്നു മുളയും ചാക്കും ഉപയോഗിച്ചു മഞ്ചലുണ്ടാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ മൃതദേഹം ചുമന്നു അച്ചനളയിലേക്കു കൊണ്ടു പോകുകയായിരുന്നു.
പാട്ടക്കരിമ്പിലെ ഒരു സംഘം യുവാക്കളാണ് മൃതുദേഹം ചുമന്നു കൊണ്ടുപോയത്. വൈകുന്നേരത്തോടെ ഊരിലെത്തിച്ച മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചു.