അമേത്തി: ഉത്തര്‍പ്രദേശിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന അകല് തക്കത് എക്സ്പ്രസിൽ ബോംബ് കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഓടുന്ന ട്രെയിനാണ് അകല് തക്കത് എക്സ്പ്രസ്സ്.
ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ യാത്രക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
അമേത്തി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയും രണ്ട് ബോഗികളില്‍ നിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്.
കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും ഇത് നിര്‍വ്വീര്യമാക്കിയതായും പോലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു.
ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഷ്കര്‍- ഇ- തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യമെങ്ങും കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ബോംബ് കണ്ടെത്തിയത്.